സുഖമില്ലാതിരുന്നിട്ടും ധ്യാനിന്റെ സിനിമ കാണാൻ ശ്രീനിവാസൻ തീയറ്ററിലെത്തി; വീഡിയോ വൈറൽ !

മകൻ ധ്യാൻ ശ്രീനിവാസന്റെ ചിത്രം കാണാൻ തിയേറ്ററിൽ എത്തിയ ശ്രീനിവാസന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും ധ്യാൻ നായകനായി എത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു അദ്ദേഹം.

ഭാര്യയോടും സുഹൃത്തുക്കളോടുമൊപ്പം എത്തിയ ശ്രീനിവാസൻ തീയേറ്ററിൽ പകുതി വരെ വീൽചെയറിലും പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് പോകുന്നത് വീഡിയോയിൽ കാണാം. ശ്വാസം മുട്ടലിന്റെ കുറച്ച് പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടെന്നും അതിനാൽ സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കും കൂടെയുള്ളവർ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അടുത്തിടെ വന്നുചേർന്ന അനാരോ​ഗ്യത്തിൽ നിന്നും തിരികെ വന്നുകൊണ്ടിരിക്കയാണ് ശ്രീനിവാസൻ. രണ്ട് മാസം മുൻപ് റിലീസ് ചെയ്ത ‘ കുറുക്കൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആശുപത്രിവാസത്തിനു ശേഷമുള്ള തന്റെ തിരിച്ചു വരവ് നടത്തിയത്. നവാഗതനായ ജയലാൽ ദിവാകരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസനൊപ്പം രസകരമായ ഒരു കഥാപാത്രമാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.

ധ്യാന്‍ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘നദികളില്‍ സുന്ദരി യമുന’. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Read more