വിജയ് ചിത്രം ‘ലിയോ’ക്ക് എതിരെ പരാതിയുമായി ബിജെപിയും ഹിന്ദുമക്കള്‍ ഈയക്കവും. ചിത്രത്തിന്റെ ട്രെയ്‌ലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് എതിരെയാണ് ബിജെപിയും ഹിന്ദുമക്കള്‍ ഈയക്കവും രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമക്കള്‍ ഇയക്കം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
ചിത്രത്തില്‍ നിന്നും ഈ സംഭാഷണം നീക്കം ചെയ്യണം എന്നാണ് സംഘടനയുടെ ആവശ്യം. ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും സംഘടന ആരോപിച്ചു. ലിയോ ട്രെയ്‌ലറില്‍ നിന്നും സിനിമയില്‍ നിന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെയും ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണന്‍ രംഗത്തെത്തി. സംഭാഷണത്തിന് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു എന്നും ഇദ്ദേഹം അറിയിച്ചു. ലിയോ ട്രെയ്‌ലര്‍ റിലീസ് ചെയ്ത ദിവസം മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയയും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.
ട്രെയിലറിന്റെ 1.46 മിനിറ്റ് ആകുമ്പോഴാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള സംഭാഷണം വരുന്നത്. അതേസമയം, ലിയോ ഒക്ടോബര്‍ 19ന് തിയേറ്ററുകളില്‍ എത്തും. വിജയ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രം എത്തുന്നതെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.
Read more
ബാബു ആന്റണി, അര്‍ജുന്‍, മാത്യു, സഞ്ജയ് ദത്ത് തുടങ്ങി നീണ്ട താരനിര തന്നെ ലിയോയിലുണ്ട്. കഴിഞ്ഞ ദിവസം ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ ആരാധകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ ചെന്നൈയിലെ തിയേറ്ററില്‍ കനത്ത നാശമുണ്ടായിരുന്നു.