അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

അസര്‍ബയ്ജാന്‍ വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ലൈന്‍സ്. സാങ്കേതികവും ബാഹ്യമായ എന്തിന്റെയോ ഇടപെടലുമാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ വിശദീകരിച്ചു.

ഇതേ തുടര്‍ന്ന് 10 വിമാനങ്ങള്‍ താത്കാലികമായി റദ്ദാക്കിയതായും അറിയിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്നിയിലേക്കു പോയ എംബ്രയര്‍ 190 വിമാനം അപകടത്തില്‍പ്പെട്ടത്. 38 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി.

വിമാനത്തിന്റെ പൈലറ്റും കോ പൈലറ്റും അപകടത്തില്‍ മരിച്ചിരുന്നു. 29 പേരാണ് പരിക്കുകളോടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അതേസമയം റഷ്യന്‍ വ്യോമപ്രതിരോധ മിസൈല്‍ അബദ്ധത്തില്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. യുക്രൈന്റെ ഡ്രോണ്‍ പറക്കുന്ന പ്രദേശമായതിനാല്‍ റഷ്യ മിസൈല്‍ അയച്ചതാണെന്നായിരുന്നു ആരോപണം.