2025ൽ നിരവധി ചിത്രങ്ങളാണ് തമിഴിൽ വരാൻ പോകുന്നത്. ഈ സിനിമകൾക്കായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. അജിത്തിന്റെ വിടാമുയർച്ചി മുതൽ സൂര്യയുടെ റെട്രോ വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. 2025-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സിനിമകൾ…
രജനികാന്തിനെ നായകനാക്കി തെന്നിന്ത്യൻ സെൻസേഷൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി’. ചിത്രം ഈ വർഷം തിയേറ്ററുകളിലെത്തും. നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. സിനിമ മെയ് 1 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത് കുമാർ നായകനാകുന്ന പുതിയ ചിത്രമാണ് ‘വിടാമുയർച്ചി’. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഫെബ്രുവരി 6 ന് സിനിമ റിലീസ് ചെയ്യും.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കമൽഹാസനും സംവിധായകൻ മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സിനിമ കൂടിയാണിത്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 2025 ജൂൺ അഞ്ചിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.
അജിത് കുമാറിൻ്റെ രണ്ട് ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങുന്നത്. സംവിധായകൻ ആദിക് രവിചന്ദ്രനൊപ്പമുള്ള ‘ ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ചിത്രത്തിൽ നിന്നുള്ള അജിത്തിന്റെ സ്റ്റില്ലുകളും ലുക്കും ഇതിനകം തന്നെ ട്രെൻഡിങ് ആയി മാറിയിരുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രമിൻ്റെ സിനിമയാണ് ‘വീര ധീര ശൂരൻ’. സിനിമ മാർച്ച് 27-ന് റിലീസ് ചെയ്യും. ചിത്ത, സേതുപതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്. യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ‘ഇഡ്ഡലി കടൈ’. ധനുഷും നിത്യ മേനോനുമാണ് ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിത്യ മേനോൻ ആണ് നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2025 ഏപ്രിൽ 10ന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന സിനിമയാണ് ‘റെട്രോ’. പൂജാ ഹെഗ്ഡെ ആണ് നായിക. മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ എന്നിവരും ചിത്രത്തിലുണ്ട്. മെയ് 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ടീസർ ഏവരും ഏറ്റെടുത്തിതിരുന്നു.
നളൻ കുമാരസാമി രചനയും സംവിധാനവും നിർവഹിക്കുന്ന കാർത്തിയുടെ ഒരു ആക്ഷൻ കോമഡി ചിത്രമാണ് വാ വാതിയാർ. ചിത്രത്തിൻ്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സത്യരാജ് , രാജ്കിരൺ, ആനന്ദരാജ്, ശിൽപ മഞ്ജുനാഥ്, കരുണാകരൻ, ജിഎം സുന്ദർ എന്നിവരോടൊപ്പം കാർത്തിയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്ങര ഒരുക്കുന്ന സിനിമയാണ് ‘SK 25’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ സിനിമ. രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 300 കോടി ക്ലബിൽ ഇടം പിടിച്ച ‘അമരൻ’ എന്ന സിനിമയ്ക്കു ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇത്.