മലയാള സിനിമകളേക്കാള്‍ കൂടുതല്‍ മാര്‍ക്കറ്റ് വാല്യൂ അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ ലഭിക്കുന്നുണ്ട്. മലയാള സിനിമകള്‍ കഴിഞ്ഞാല്‍ കേരത്തിലെ സിനിമാസ്വാദകര്‍ ആഘോഷമാക്കാറുള്ളത് തമിഴ് സിനിമകളാണ്. മലയാളം സിനിമകളേക്കാള്‍ മികച്ച വരവേല്‍പ്പ് തന്നെ തമിഴ് സിനിമയ്ക്ക് ലഭിക്കാറുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമകളുടെ ലിസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള സിനിമ ലോകേഷ് കനകരാജിന്റെ ‘വിക്രം’ ആണ്.
കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന റോളിലെത്തിയ ചിത്രത്തിന് റിലീസിന് മുമ്പ് തന്നെ ഹൈപ്പ് ലഭിച്ചിരുന്നു. 40.05 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നു മാത്രം നേടിയത്. ആഗോളതലത്തില്‍ 412.25 കോടിയാണ് ഈ ലോകേഷ് കനകരാജ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ സിനിമ ‘പൊന്നിയിന്‍ സെല്‍വന്‍’ 29 ദിവസങ്ങള്‍ കൊണ്ട് 24.15 കോടിയാണ് കേരളത്തില്‍ നിന്നും നേടിയത്. സെപ്റ്റംബര്‍ 30ന് ആണ് അഞ്ചിലധികം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 435 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍.
ഈ വര്‍ഷം 400 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്നാണ് മണിരത്‌നം പറഞ്ഞത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അന്യഭാഷാ താരമാണ് വിജയ്. പല സിനിമകള്‍ക്കും എതിരെ വിമര്‍ശനങ്ങള്‍ എത്താറുണ്ടെങ്കിലും വിജയ്ക്ക് കേരളത്തിലുള്ള ഫാന്‍ പവര്‍ വളരെ വലുതാണ്. കേരളത്തിലെ വിജയ് ആരാധകരുടെ ആഘോഷ ചിത്രമായിരുന്നു ‘ബിഗില്‍’. കേരളത്തില്‍ 19.7 കോടിയാണ് ബിഗിലിന് ലഭിച്ചത്.
2015-ല്‍ തിയേറ്റര്‍ ഹിറ്റായ ചിത്രമാണ് ശങ്കറിന്റെ ‘ഐ’. 19.65 കോടിയാണ് ഐയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചത്. 19 കോടിയാണ് അറ്റ്‌ലിയുടെ സംവിധാനത്തില്‍ 2017ല്‍ എത്തിയ ‘മെഴ്‌സല്‍’ സിനിമ നേടിയത്. 120 കോടി ബജറ്റിലൊരുങ്ങിയ സിനിമ നേടിയത് 260 കോടിയാണ്. രജനികാന്ത്-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘എന്തിരന്റെ’ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘എന്തിരന്‍ 2.0’.
Read more
കേരളത്തില്‍ നിന്നും 19 കോടി കളക്ഷനാണ് ചിത്രം നേടിയത്. തമിഴ് നാട്ടിലേത് എന്ന പോലെ ഗംഭീര പ്രതികരണങ്ങള്‍ തമിഴ് സിനിമകള്‍ കേരളത്തില്‍ നേടാറുണ്ട്. വിക്രം തിയേറ്ററുകളില്‍ എത്തിയ സമയത്ത് മലയാളം സിനിമകള്‍ക്കുള്ള പ്രേക്ഷകരുടെ റേറ്റിംഗ് പോലും താഴോട്ട് പോയിരുന്നു. സിനിമകള്‍ ഏത് ഭാഷയിലാണെങ്കിലും മികച്ചതായാല്‍ അംഗീകരിക്കും എന്ന് തന്നെയാണ് മലയാളി പ്രേക്ഷകര്‍ ഇതില്‍ നിന്നും വ്യക്തമാക്കുന്നത്.