പെട്ടെന്നാണ് സുശാന്ത് അപ്രത്യക്ഷനായത്, വര്‍ഷങ്ങള്‍ വേണ്ടിവന്നു ആ വിഷമത്തില്‍ നിന്നും കരകയറാന്‍; വേര്‍പിരിയിലിനെ കുറിച്ച് ആദ്യമായി സംസാരിച്ച് അങ്കിത

അന്തരിച്ചിട്ട് 3 വര്‍ഷം കഴിഞ്ഞെങ്കിലും നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണകാരണം ഇന്നും അവ്യക്തമാണ്. ബാന്ദ്രയിലെ തന്റെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്ത്. താരത്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയെന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, സുശാന്തിന്റെ മുന്‍ കാമുകിയായിരുന്നു സീരിയല്‍-സിനിമാ താരം അങ്കിത ലോകണ്ഡെ. ഒന്നിച്ച് സീരിയലുകളില്‍ അഭിനയിച്ചിരുന്ന അങ്കിതയും സുശാന്തും പവിത്ര് റിശ്ത എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് പ്രണയത്തിലായത്. ഇരുവരും ഭാര്യാഭര്‍ത്തക്കന്‍മാരായാണ് സീരിയലില്‍ വേഷമിട്ടത്.

താനും സുശാന്തും വേര്‍പിരിയാനുണ്ടായ കാര്യത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അങ്കിത ഇപ്പോള്‍. ബിഗ് ബോസ് ഷോയിലാണ് സഹമത്സരാര്‍ത്ഥിയോട് അങ്കിത ഇക്കാര്യം സംസാരിച്ചത്. ”സുശാന്ത് പെട്ടെന്നാണ് അപ്രത്യക്ഷനായത്. അവന്‍ വിജയിച്ചു കൊണ്ടിരുന്നതിനാല്‍, മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു.”

”എന്തുകൊണ്ടാണ് എന്നെ ബ്രേക്കപ്പ് ചെയ്യുന്നത് എന്നതിന് ഒരു മറുപടിയും സുശാന്ത് തന്നിട്ടില്ല” എന്നാണ് അങ്കിത പറയുന്നത്. മുമ്പ് സുശാന്ത് ബ്രേക്കപ്പ് ചെയ്തപ്പോള്‍ തനിക്ക് ആ വിഷമത്തില്‍ നിന്നും മുക്തയാകാന്‍ ഏകദേശം രണ്ടര വര്‍ഷത്തോളം വേണ്ടി വന്നുവെന്ന് അങ്കിത പറഞ്ഞിരുന്നു.

Read more

തങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം സുശാന്ത് മറ്റൊരാളെ ഡേറ്റ് ചെയ്യാന്‍ തുടങ്ങി, എന്നാല്‍ തനിക്ക് അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നും അങ്കിത പറഞ്ഞിരുന്നു. 2020 ജൂണ്‍ 14ന് ആണ് സുശാന്ത് ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.