തെലുങ്ക് സിനിമാ താരം ചന്ദ്രമോഹൻ അന്തരിച്ചു

തെലുങ്ക് സിനിമാ താരം ചന്ദ്രമോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹിൽസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു. ടോളിവുഡിലെ പ്രമുഖ താരങ്ങൾ ചന്ദ്രമോഹന് അന്ത്യാഞ്ജലി നേർന്നു.

തെലുങ്ക് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു മല്ലമ്പള്ളി ചന്ദ്രമോഹൻ .1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മുതിർന്ന ചലച്ചിത്രകാരൻ കെ വിശ്വനാഥിന്‍റെ ബന്ധുവാണ് ചന്ദ്രമോഹൻ. നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ക്യാരക്ടർ ആർട്ടിസ്റ്റായി നിരവധി സിനിമകളിൽ അഭിനയിച്ചു. ഓക്‌സിജനാണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം.

Read more

1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാർത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ജലന്ധരയാണ് ഭാര്യ. രണ്ട് പെൺമക്കളാണ്. ചന്ദ്രമോഹന്റെ സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് തിങ്കളാഴ്ച നടക്കും.