വടക്കന്‍ വീരഗാഥയില്‍ ചന്തുവിന്റെ വേഷം കിട്ടിയാല്‍ എനിക്ക് പറ്റുന്നതു പോലെ ഞാനും അഭിനയിക്കും: മാമുക്കോയ

‘കുരുതി’യിലെ മാമൂക്കോയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഏത് വേഷവും താന്‍ മികച്ചതാക്കും എന്ന ആത്മവിശ്വാസമാണ് നടനില്‍ കാണാനാവുക. ഇതിനിടെ താരം മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയില്‍ ഏത് കഥാപാത്രം കിട്ടിയാലും താന്‍ അതിന്റെ സ്വഭാവം ചെയ്യുമെന്ന് മാമൂക്കോയ പറയുന്നു.

”ഏത് കഥാപാത്രം കിട്ടിയാലും അതിന്റെ സ്വഭാവം പഠിക്കും. കായംകുളം കൊച്ചുണ്ണിയെ കിട്ടിയാലും അതിവിദഗ്ദ്ധമായി അതിനുള്ള ശ്രമം നടത്തും. വടക്കന്‍ വീരഗാഥയില്‍ ചന്തുവിന്റെ വേഷം കിട്ടിയാല്‍ എനിക്ക് പറ്റുന്നതു പോലെ ഞാനും അഭിനയിക്കും. അത്ര തന്നെ. മുച്ചീട്ടു കളിക്കാരനിലെ എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുത്തപ്പയുമൊക്കെ എന്നെ ആകര്‍ഷിച്ച കഥാപാത്രങ്ങളാണ്.”

”സിനിമയില്ലാതെ ജീവിക്കുന്നതിനേ കുറിച്ചും എനിക്ക് പേടിയില്ല. മുമ്പ് തടി അളക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് 22 വര്‍ഷം കേരളത്തില്‍ മുഴുവന്‍ കറങ്ങിയതാണ് ഞാന്‍. ദുഖത്തിലും സുഖത്തിലും സ്വയം മറക്കുന്ന മനസ്സല്ല എന്റേത്. എല്ലാം ദൈവമൊരുക്കുന്ന വഴികളല്ലേ” എന്ന് മാമൂക്കോയ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more

മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതിയില്‍ മൂസ ഖാദര്‍ എന്ന കഥാപാത്രമായാണ് മാമൂക്കോയ വേഷമിട്ടത്. ഓഗസ്റ്റ് 11ന് ആണ് കുരുതി ആമസോണ്‍ പ്രൈമില്‍ റിലീസായത്. പൃഥ്വിരാജ്, റോഷന്‍ മാത്യു, ശ്രിന്ദ, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.