..അന്ന് ശിവസേന ജനിച്ചിട്ട് പോലുമില്ല, ഉദ്ധവിന് മറുപടിയുമായി ബി.ജെ.പി

ബിജെപിയുടേത് അവസരവാദ ഹിന്ദുത്വമാണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി. ‘ചില കാര്യങ്ങൾ മാത്രമേ ശിവസേനയ്ക്ക് ഓർമയുണ്ടാകൂ. മുംബൈയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിക്ക് അംഗങ്ങളുണ്ടായിരുന്നപ്പോൾ ശിവസേന ജന്മം കൊണ്ടിട്ടുപോലുമില്ല.
984ലെ തിരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർഥി ബിജെപി ടിക്കറ്റിലാണു മത്സരിച്ചത്’– മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

ബിജെപിയുടെ സഖ്യകക്ഷിയായി ചെലവിട്ട 25 വർഷം പാഴായിരുന്നുവെന്നു ശിവസേന പരിപാടിക്കിടെ കഴിഞ്ഞ ദിവസം ഉദ്ധവ് അഭിപ്രായപ്പെട്ടിരുന്നു.

‘ഹിന്ദുത്വത്തിന് അധികാരം ലഭിക്കുന്നതിനായാണ് ബിജെപിക്കൊപ്പം ശിവസേന ചേർന്നത്. ഇപ്പോൾ സേന വിടപറഞ്ഞിരിക്കുന്നത് ബിജെപിയോടു മാത്രമാണ്, ഹിന്ദുത്വത്തോടല്ല. സേന ഒരിക്കലും അധികാരത്തിനു വേണ്ടി ഹിന്ദുത്വ വാദം ഉയർത്തിയിട്ടില്ല’– എന്നായിരുന്നു ശിവസേന തലവൻ കൂടിയായ ഉദ്ധവിന്റെ പ്രസ്താവന.

കഴിഞ്ഞ ഇടയ്ക്കു നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിപ്പോയതിന്റെ നിരാശയാണു ഉദ്ധവ് താക്കറെയ്ക്കെന്നും ഫഡ്നാവിസ് അഭിപ്രായപ്പെട്ടു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അധികാരം പങ്കിടുന്നതിൽ തർക്കം ഉടലെടുത്തതോടെയാണു ബിജപി– സേന സഖ്യം വഴിപിരിഞ്ഞത്.