സ്ത്രീപീഡന പരാതികളുടെ കണക്കുകൾ പുറത്തുവിട്ട് ദുബായ് പൊലീസ്; കുറ്റവാളികളിൽ ഭൂരിഭാഗവും ഭർത്താക്കന്മാർ

സ്ത്രീകളോടുളള അതിക്രമം അത് ഏത് രാജ്യത്തായാലും കഠിനമായ ശിക്ഷ ലഭിക്കാവുന്ന കൃത്യമാണ്. കർശനമായ നിയമ സംവിധാനങ്ങളും കടുത്ത ശിക്ഷാവിധിയും നിലവിലുള്ള ഗൾഫ് രാജ്യങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു വർഷം ലഭിച്ച സ്ത്രീപീഡന പരാതികളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ദുബായ് പൊലീസ്.

കഴിഞ്ഞ വർഷം ലഭിച്ച 93 പരാതികളിൽ 60 സ്ത്രീകൾക്കു പൊലീസ് സംരക്ഷണം നൽകി. ഭർത്താക്കന്മാർ പീഡിപ്പിക്കുന്നുവെന്നു കാണിച്ചാണ് ഈ പരാതികൾ ലഭിച്ചത്. ഇതിൽ 34 എണ്ണത്തിൽ ഭർത്താക്കന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 6 പരാതികളിൽ പിതാവും 3 എണ്ണത്തിൽ സഹോദരന്മാരും 2 പരാതികളിൽ മാതാവുമാണു പ്രതിസ്ഥാനത്ത്. ദുബായ് പൊലീസ് മനുഷ്യാവകാശ വകുപ്പ് തലവൻ മേജർ ഡോ.മുഹമ്മദ് അൽമുർ ആണ് ഇക്കാര്യം അറിയിച്ചത്.

സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാൻ മാത്രം ദുബായ് പൊലീസിൽ പ്രത്യേക വിഭാഗമുണ്ട്. ഒരു പരിധിവരെയുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് തീർക്കുകയാണ് ചെയ്യുക.എന്നാൽ കയ്യേറ്റം, ദേഹോപദ്രവം, നിയമവിരുദ്ധമായ പെരുമാറ്റങ്ങൾ എന്നിവയിൽ ഉടൻ നടപടിയെടുക്കും.കേസിന് കാരണക്കാരനായ ഭർത്താവിൽ നിന്നു ഭാവിയിൽ ആവർത്തിക്കില്ലെന്ന ഉറപ്പ് രേഖാമൂലം വാങ്ങിക്കും മേജർ മുഹമ്മദ് പറഞ്ഞു.

Read more

ഇരയ്ക്ക് ആവശ്യമായ സഹായം പൊലീസ് നൽകും. അനുനയത്തിനു സാദ്ധ്യതകളില്ലാത്ത കടുത്ത കേസുകൾ അന്തിമ തീർപ്പിനായി കോടതിയിലെത്തിക്കും. ദേഹോപദ്രവം ഏൽപിച്ചത് – 27 അസഭ്യം പറഞ്ഞത് 26 മാനസിക പീഡനം – 23 എന്നിങ്ങനെയാണ് ലഭിച്ച പരാതികളുടെ എണ്ണം.