'കേന്ദ്രത്തിൻറെ വാക്സിൻ നയം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നത്';  കേന്ദ്ര സർക്കാരിന് എതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വാക്സിൻ വിതരണത്തിൽ കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാറിൻറെതെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു. കേന്ദ്രം ന്യായ വിലക്ക് വാക്സിൻ നൽകുന്നില്ലെന്നും വാക്സീന് വ്യത്യസ്ത വിലക്ക് കാരണമാകുന്നുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വാക്‌സിന്‍ ലഭ്യത സംബന്ധിച്ച ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം.

അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിൻ ലഭിക്കുമ്പോൾ സര്‍ക്കാറിന് കിട്ടാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു കോടി വാക്സിന്‍ വാങ്ങുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളെക്കാള്‍ സര്‍ക്കാരിന്റെ ഓര്‍ഡറിന് മുന്‍ഗണന നല്‍കണമെന്ന് ഹർജിക്കാര്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചു കൂടെയെന്ന് കേന്ദ്രത്തോടും കോടതി ചോദിച്ചു.

സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ തയ്യാറാണോ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ഒരു കാരണവശാലും അത് സാദ്ധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  സര്‍ക്കാരിന് എന്തുകൊണ്ടാണ് വാക്സിന്‍ കിട്ടാത്തതെന്ന് കോടതി ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാക്സിന്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടും എന്തുകൊണ്ടാണ് വാക്സിന്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നത്. ലഭ്യതക്കുറവ് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു. സര്‍ക്കാരിന് നല്‍കാതെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുകയാണോ എന്ന് കോടതി ചോദിച്ചു.

Read more

അതിനിടെ, എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ നല്‍കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കി. പ്രമേയം സഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.