സംസ്ഥാനത്ത് പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചു; നിരവധി പേർക്ക് രോഗലക്ഷണം, ഉറവിടം കണ്ടെത്താൻ പരിശോധന

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഹോസ്റ്റലിലെ എട്ടുപേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോസ്റ്റലിൽ പരിശോധന നടത്തി. അതേസമയം ഇക്കഴിഞ്ഞ ദിവസം ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധിച്ചാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

കോളറ ലക്ഷണങ്ങളോടെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിലെ അന്തേവാസിയായ 26കാരനായ അനു മരിച്ചത്. അനുവിന് ശർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയത്. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനോ അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല. പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഒ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. നിലവിൽ ഒരാൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഏഴുപേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. കഴിഞ്ഞദിവസം മരിച്ച 26 കാരൻറെ പരിശോധനാഫലത്തിൽ കോളറ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ ചികിത്സയിലുള്ളവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017ലാണ് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.

Read more