12 നെ ആറ് കൊണ്ട് ഹരിച്ചാൽ ഉത്തരം 8!; അഞ്ചാംക്ലാസ് പാഠപുസ്തകത്തിൽ പിശക്

12 നെ ആറ് കൊണ്ട് ഹരിച്ചാൽ ഉത്തരം എത്രയാണെന്നറിയാമോ? ഇതിന് അഞ്ചാം ക്ലാസ് ഗണിതം പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഉത്തരമാണ് 8. ഇക്കൊല്ലത്തെ ഗണിതം രണ്ടാം വാല്യം പുസ്തകത്തിന്റെ 127-ാം പേജിലാണ് തെറ്റായ ഉത്തരം അച്ചടിച്ചുവന്നത്. ഇംഗ്ലീഷ്, മലയാളം മീഡിയം പുസ്തകങ്ങളില്‍ പിശകുണ്ട്. 102 എന്ന സംഖ്യയെ ഘടകങ്ങളാക്കി ഹരിക്കുന്നതാണ് പാഠപുസ്തകത്തിലുള്ളത്.

അവസാന ഭാഗത്താണ് 12 നെ ആറുകൊണ്ട് ഹരിക്കേണ്ട ഘട്ടം വരുന്നത്. അതിന്റെ ഉത്തരം ഇടതുഭാഗത്ത് കാണിച്ചിട്ടുണ്ട്. ഇവിടെയാണ് എട്ട് എന്ന് എഴുതിയിരിക്കുന്നത്. ഇതേ പുസ്തകത്തില്‍ 137-ാം പേജില്‍ ‘കാസര്‍ഗോഡ്’ ജില്ലയുടെ പേര് കൊടുത്തിരിക്കുന്നത് ‘കാസറഗോഡ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം അച്ചടി പിശക് സംഭവിച്ചതാകാമെന്ന വിശദീകരണമാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത്.