രക്ഷാപ്രവര്‍ത്തനത്തിന് 20 മലയാളികള്‍ മതി; ബാക്കിയുള്ളവര്‍ക്ക് തിരികെ പോകാം; നിര്‍ദ്ദേശം നല്‍കി കര്‍ണാടക പൊലീസ്

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുനെ തിരയാന്‍ കേരളത്തില്‍ നിന്നുള്ള 20 പേര്‍ മാത്രം മതിയെന്ന് കര്‍ണാടക പൊലീസ്. പരിശോധന തുടരുന്നതിനിടെ കര്‍ണാടക പൊലീസും മലയാളി രക്ഷാപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം.

മലയാളി രക്ഷാപ്രവര്‍ത്തകരും കര്‍ണാടക പൊലീസും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതായി രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത് ഇസ്രായേല്‍ അറിയിച്ചു. എസ്പിയെ വിളിച്ച് സംസാരിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായാണ് രഞ്ജിത് അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ ശക്തമായ മഴയുണ്ട്.

പ്രദേശത്ത് റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം.ഇന്ന് നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ല. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗാവാലി നദിയിലേക്ക് പതിച്ചേക്കാമെന്ന നിഗമനത്തിലാണ് സൈന്യം.

അതേസമയം അര്‍ജുനയുള്ള തിരച്ചില്‍ ഏഴാം ദിനം പിന്നിടുകയാണ്. അര്‍ജുന്റെ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങള്‍ റോഡിലെ മണ്‍കൂനയില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഇതുവരെ ഒന്നും കണ്ടെത്താനായില്ല എന്ന വസ്തുത അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.

Read more

തിരച്ചില്‍ നടത്തുന്നതിന് നേരത്തെ മതിയായ മെഷിനറി ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ മെഷിനറി എത്തിച്ചായിരുന്നു ഇന്നത്തെ പരിശോധന. എന്നാല്‍ ഇന്നും ശ്രമം വിഫലമായി. നിലവില്‍ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. എന്നാല്‍ നദിയില്‍ വലിയ അളവില്‍ മണ്‍കൂനയുളളത് തിരിച്ചടിയാണ്. സ്‌കൂബ സംഘമാണ് പുഴയില്‍ തെരച്ചില്‍ നടത്തുന്നത്.