ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25ലക്ഷം; വെള്ളിക്ക് 19ലക്ഷം; വെങ്കലത്തിന് 12.5 ലക്ഷം രൂപ; കായികതാരങ്ങളെ ആദരിച്ച് കേരളം

ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ കേരളത്തിന്റെ സ്വന്തം കായികതാരങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ ആദരം. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡല്‍ ജേതാക്കളെ ആദരിച്ചു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 12.5 ലക്ഷം രൂപയും ക്യാഷ് അവാര്‍ഡ് നല്‍കാന്‍ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കേരളത്തിന്റെ യശസ് ആഗോളതലത്തില്‍ ഉയര്‍ത്തിവരാണ് ഏഷ്യാഡിലെ മലയാളി താരങ്ങളെന്നും അവരിലൂടെ സംസ്ഥാനത്തിന്റെ കായികരംഗത്തെക്കുറിച്ചു മാത്രമല്ല, നാടിനു മികവു പ്രകടിപ്പിക്കാന്‍ കഴിയുന്ന എല്ലാ മേഖലകളേയും കുറിച്ചും ലോകം അറിയുകയാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി കായികതാരങ്ങള്‍ മാറുകയാണ്. ഏഷ്യന്‍ ഗെയിംസിലെ നേട്ടം ഒരു ചവിട്ടുപടിയാണ്. ഒളിംപിക്‌സ് അടക്കമുള്ളവയില്‍ വിജയം കൊയ്യാനും ലോകത്തിന്റെ നെറുകയിലേക്കു കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ് ഇനിയും ഉയര്‍ത്താനുമുള്ള ഉത്തേജനമായി മെഡല്‍ നേട്ടം മാറണം.

ഒളിംപിക്‌സ് അടക്കമുള്ള ലോകവേദികളില്‍ സാന്നിധ്യമറിയിക്കുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്ത കായിക ചരിത്രത്തിന്റെ ഉടമകളാണു കേരളീയര്‍. ആ ഉയര്‍ച്ചയ്ക്ക് ഇടയ്‌ക്കെപ്പോഴോ ചെറിയ മങ്ങലുണ്ടായെന്നതു വസ്തുതയാണ്. കായികരംഗത്തു നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപടിക്കാനുള്ള നടപടികളുമായാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണു കായിക നയം രൂപീകരിച്ചത്. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം പോലുള്ള പദ്ധതികള്‍ നടപ്പാക്കിയും പ്രാദേശിക സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ശക്തിപ്പെടുത്തിയും അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിക്കുന്നതിനു ശ്രമിക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ കായികമേഖലയുടെ ഉന്നമനത്തിനു വഴിയൊരുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 703 കായികതാരങ്ങള്‍ക്കു സ്‌പോര്‍ട്‌സ് ക്വാട്ട മുഖേന സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടര വര്‍ഷംകൊണ്ട് 65 പേര്‍ക്കു നിയമനം നല്‍കി. 2010 – 2014 ഘട്ടത്തിലുള്ള റാങ്ക് ലിസ്റ്റില്‍നിന്നാണ് ഈ നിയമനങ്ങള്‍. ഇതിനു പുറമേ പൊലീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 31 പേര്‍ക്കും കെ.എസ്.ഇ.ബിയില്‍ 27 പേര്‍ക്കും നിയമനം നല്‍കി. 2015 – 2019 കാലയളിവിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമന നടപടികള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. ഈ വര്‍ഷംതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഇതിനു പുറമേയാണു പൊലീസിലും കെ.എസ്.ഇ.ബിയിലുമുള്ള സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം.

2010 മുതല്‍ 2014 വരെയുള്ള സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം പ്രത്യേക സാഹചര്യത്തില്‍ മുടങ്ങിക്കിടന്നിരുന്നു. 2016ലാണ് ഇതു പുനരാരംഭിക്കാനുള്ള നടപടികള്‍ക്കു തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി 409 പേര്‍ അടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതില്‍ 250 പേര്‍ക്കും നിയമനം നല്‍കാനായി. അതിനു മുന്‍പുള്ള അഞ്ചു വര്‍ഷം 110 പേര്‍ക്കായിരുന്നു നിയമനം എന്നോര്‍ക്കണം. 2015ല്‍ ദേശീയ ഗെയിസില്‍ മെഡല്‍ നേടിയ 83 കായികതാരങ്ങള്‍ക്കു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുമെന്ന് അന്നത്തെ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ആ കായികതാരങ്ങള്‍ക്കു സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയത് 2016ലെ സര്‍ക്കാരാണ്. അതോടൊപ്പം സന്തോഷ് ട്രോഫി വിജയികളായ കേരള ടീമില്‍ ജോലി ഇല്ലാതിരുന്ന 11 കളിക്കാര്‍ക്കും നിയമനം നല്‍കി. അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ 1300 രൂപയായി വര്‍ധിപ്പിച്ചു. പെന്‍ഷന്‍ അര്‍ഹത ലഭിക്കുന്ന വരുമാന പരിധി 20,000ല്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തി. കായികതാരങ്ങളെ എത്രമാത്രം കരുതലോടെയാണു സര്‍ക്കാര്‍ സമീപിക്കുന്നതെന്നതിന്റെ ദൃഷ്ടാന്തങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതലത്തില്‍ മത്സരിച്ച കായികതാരങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ കായിക പരിശീലനത്തിനു നിയോഗിച്ചു ജോലി ലഭ്യമാക്കുന്നതു സംസ്ഥാന കായിക നയത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. നാലു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളാണ് ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരങ്ങള്‍ സ്വന്തമാക്കിയത്. 4×400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയില്‍ പി. ആര്‍. ശ്രീജേഷും ക്രിക്കറ്റില്‍ മിന്നുമണിയും സ്വര്‍ണം നേടി. എച്ച്.എസ്. പ്രണോയ്, എം.ആര്‍. അര്‍ജുന്‍, മുഹമ്മദ് അഫ്സല്‍, മുഹമ്മദ് അജ്മല്‍, എം. ശ്രീശങ്കര്‍, ആന്‍സി സോജന്‍ എന്നിവര്‍ വെള്ളിയും പ്രണോയ്, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവര്‍ വെങ്കലവും നേടി. എല്ലാ കായികതാരങ്ങളേയും ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. അനുമോദന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മിന്നുമണിക്കു വേണ്ടി പിതാവ് ആദരം ഏറ്റുവാങ്ങി. ഏഷ്യന്‍ ഗെയിംസിനായി കായിക താരങ്ങളെ ഒരുക്കിയ പരിശീലകരേയും മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത മുഴുവന്‍ കായികതാരങ്ങള്‍ക്കും മന്ത്രിമാര്‍ സംസ്ഥാനത്തിന്റെ ആദരമായി മൊമെന്റോ സമ്മാനിച്ചു.