'വിവാദ പരാമര്‍ശം ഒഴിവാക്കാമായിരുന്നു'; കെ.കെ രമയ്‌ക്ക് എതിരെയുള്ള എം.എം മണിയുടെ വാക്കുകള്‍ തള്ളി ബിനോയ് വിശ്വം

കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പരാമര്‍ശം തള്ളി സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. ഗ്രാമീണ ഭാഷ ഉപയോഗിക്കുന്ന ആളാണ് മണി. അദ്ദേഹത്തിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ വിവാദ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിന് ഇടയിലായിരുന്നു എം.എം. മണിയുടെ വിവാദ പരാമര്‍ശം. ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു, മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, താന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു തങ്ങളാരും ഉത്തരവാദികളല്ലെന്നുമായിരുന്നു പരാമര്‍ശം.

ഇതേ തുടര്‍ന്ന് മണി മാപ്പുപറയണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭയില്‍ പ്രതിഷേധിച്ചു. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ മാത്രമേ മാറ്റാന്‍ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. തുടര്‍ന്ന് സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം. അതേസമയം പരാമര്‍ശത്തില്‍ തെറ്റില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരെയും അപമാനിക്കണം എന്ന് മണി ഉദ്ദേശിച്ചിട്ടില്ല. എം.എം.മണിയുടെ പ്രസംഗം കേട്ടെന്നും അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.