സംഗീത വിസ്മയം ലത മങ്കേഷ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കര്‍ക്കുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
‘പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു.’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയിപകയായിരുന്നു ലതാ മങ്കേഷ്‌കര്‍. 92 വയസായിരുന്നു. കോവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്.
Read more
1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പടെ മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.