'നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധി, അംഗീകരിക്കാന്‍ കഴിയില്ല, അപ്പീല്‍ പോകുമെന്ന് എസ്.പി എസ്. ഹരിശങ്കര്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി നിര്‍ഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം മുന്‍ എസ്.പി ഹരിശങ്കര്‍. നിയമ ചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയെന്നും, അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ അപ്പീല്‍ പോകും. ശിക്ഷ ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്ന കേസാണിത്. കേസില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം അപ്പീല്‍ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബുവും പറഞ്ഞു.

കേസില്‍ കൃത്യമായ മെഡിക്കല്‍ തെളിവുകള്‍ ഉണ്ടായിരുന്നു. ഇരയുടെ മൊഴിയും രേഖപ്പെടുത്തിയട്ടുണ്ട്. ഇരയുടെ മാനസികാവസ്ഥ കൂടി കണക്കിലാക്കേണ്ടതായിരുന്നു. പ്രതിഭാഗത്തിന്റെ തെളിവുകള്‍ ദുര്‍ബലമായിരുന്നിട്ടും കേസില്‍ ഇത്തരം ഒരു വിധി വന്നത് നിര്‍ഭാഗ്യകരമാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികള്‍ എല്ലാം കൂറുമാറാതെ സാക്ഷി പറഞ്ഞു. എന്നിട്ടും ബിഷപ്പ് കുറ്റക്കാരനെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നതാണ് കോടതിയുടെ നിലപാട്. വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹരിശങ്കര്‍ വ്യക്തമാക്കി.

കേസ് ഇവിടെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിധി പ്രസ്താവന ലഭിച്ചാല്‍ അപ്പീല്‍ പോകുന്നതിലേക്ക് കടക്കുമെന്ന് ഹരിശങ്കര്‍ പറഞ്ഞു. അപ്രതീക്ഷിതമായ വിധിയാണ് വന്നതെന്ന് ജിതേഷ് ബാബുവും പ്രതികരിച്ചു.

Read more

അതേസമയം കേസില്‍ വിസ്തരിച്ച 39 സാക്ഷികളില്‍ ഒരു സാക്ഷി പോലും കൂറുമാറിയില്ലെന്നും അല്ലാതെ തന്നെ മുഴുവന്‍ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയില്‍ തെളിഞ്ഞുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ സി.എസ് അജയന്‍ പ്രതികരിച്ചു. പൊലീസിനു നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും ഒന്നാണ്. പീഡന വിവരങ്ങള്‍ പങ്കുവച്ചെന്നു പരാതിക്കാരി അവകാശപ്പെട്ടവര്‍ എല്ലാം കോടതിയില്‍ അത് നിഷേധിച്ചു. ഒരു ചാനല്‍ അഭിമുഖം ഫ്രാങ്കോയ്ക്ക് അനുകൂലമായ നിര്‍ണ്ണായക തെളിവായതായും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെതിരെ ഒറ്റ തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.