'ഇക്കരയാണെന്റെ താമസം, അക്കരയാണെന്റെ മാനസം'; അസീസിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാജ്യസഭാ സ്ഥാനാര്‍ത്ഥി ജെബി മേത്തറിനെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് നടത്തിയ പരാമര്‍ശങ്ങളില്‍ മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍. ജെബി മേത്തര്‍ പണം നല്‍കി വാങ്ങിയതാണ് രാജ്യസഭാ സീറ്റെന്ന പരാമര്‍ശം ഇടതുപക്ഷത്തെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാമര്‍ശം പ്രേമചന്ദ്രനും ഷിബു ബേബി ജോണുമാണ് നടത്തിയതെങ്കില്‍ കോണ്‍ഗ്രസ് ഗൗരവത്തോടെ എടുക്കുമായിരുന്നെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ആര്‍എസ്പി സെക്രട്ടറി സ്ഥാനത്തിരുന്ന് ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നത് ഭൂഷണമല്ല. മലയാളത്തിലൊരു ഗാനമുണ്ട്, ഇക്കരയാണെന്റെ താമസം അക്കരയാണെന്റെ മാനസം. യുഡിഎഫില്‍ താമസിച്ച് മനസ് ഇടതുപക്ഷത്ത് വച്ച്, ഇത്തരം പ്രസ്താവന നടത്തി അവരെ സുഖിപ്പിക്കലാണ്. ഇത് പ്രേമചന്ദ്രനും ഷിബു ബേബി ജോണുമാണ് നടത്തിയതെങ്കില്‍ ഗൗരവത്തോടെ എടുക്കുമായിരുന്നു. പക്ഷെ അസീസ് കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസിന്റെ ചിലവില്‍ ഇത്തരം വിവാദപ്രസ്താവനകള്‍ നടത്തുന്നുണ്ട്.’

‘ ”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യം നോക്കാന്‍ കോണ്‍ഗ്രസിന് അറിയാം. ജെബി മേത്തര്‍ ഒരു കേസ് കൊടുത്താല്‍ സുപ്രീംകോടതി വരെ അസീസിന് കയറിയിറങ്ങേണ്ടി വരും. ആര്, എപ്പോള്‍ കാശ് കൊടുത്തെന്ന് തെളിയിക്കേണ്ടി വരും. വിവരകേട് പറയുന്നതിനും ഒരു മര്യാദയുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യടി നേടാന്‍ നടത്തിയ പ്രസ്താവനയാണത്. അതിനെ അവജ്ഞയോടെ തള്ളി കളയുന്നു.’

ആര്‍വൈഎഫിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അസീസിന്റെ പരാമര്‍ശം. ജെബി മേത്തര്‍ പണം നല്‍കി വാങ്ങിയതാണ് രാജ്യസഭാ സീറ്റെന്നും ന്യൂനപക്ഷ സമുദായ അംഗമായ എഎ റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോണ്‍ഗ്രസ് ഇറക്കുകയായിരുന്നെന്നും അസീസ് പറഞ്ഞു.