കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് 4 ലക്ഷം

നിയമം ലംഘിച്ച് 4,000 കിലോഗ്രാം കിളിമീന്‍ പിടികൂടിയ മത്സ്യബന്ധന ബോട്ട് പിടികൂടി. പള്ളിപ്പുറം പനക്കല്‍ വീട്ടില്‍ ഔസോയുടെ ഉടമസ്ഥതയിലുള്ള വ്യാകുലമാത എന്ന ബോട്ട് ആണ് ഫിഷറീസ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ സംയുക്ത സംഘം പിടികൂടിയത്. പിടിച്ചെടുത്ത മത്സ്യം കടലില്‍ ഒഴുക്കി.

സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു മത്സ്യബന്ധനമെന്ന് കോസ്റ്റല്‍ പൊലീസ് പറയുന്നു. നിയമവിരുദ്ധമായ ലൈറ്റുകള്‍ ഉപയോഗിച്ച് ചെറുമത്സ്യങ്ങളെയാണ് പിടിച്ചത്. 12 സെന്റിമീറ്ററില്‍ താഴെ നീളമുള്ള 4000 കിലോഗ്രാം കിളിമീനാണ് ബോട്ടില്‍ നിന്ന് കണ്ടെത്തിയത്.

സംഭവത്തില്‍ രണ്ടര ലക്ഷം രൂപ ബോട്ടിന് പിഴ ഈടാക്കി. ഇതിനുപുറമേ വലിയ മത്സ്യം ലേലം ചെയ്ത വകയില്‍ 1,51,000 രൂപയും ഉള്‍പ്പെടെ 4,01,000 രൂപ സര്‍ക്കാര്‍ ഈടാക്കി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം 58 ഇനങ്ങളിലുള്ള മത്സ്യങ്ങള്‍ നിയമാനുസൃതമായ വലിപ്പം എത്തുന്നതിന് മുന്‍പ് പിടിക്കാന്‍ പാടില്ല.