പാലക്കാട് ലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം; കാറിന്റെ അമിത വേഗം അപകട കാരണമെന്ന് പൊലീസ്

പാലക്കാട് കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മഴ പെയ്ത് റോഡ് കുതിര്‍ന്ന് കിടക്കുകയായിരുന്നു. കാര്‍ വേഗതയിൽ വരുന്നതും നിയന്ത്രണം വിട്ട് റോഡിന്‍റെ വലത് ഭാഗത്തേക്ക് നീങ്ങി എതിര്‍ദിശയിൽ നിന്ന് വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. അതിനിടെ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.