സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ വിറ്റുപോയത് 797 ഗ്രൂപ്പ് കളള് ഷാപ്പുകള്‍; ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ചരിത്രമെഴുതി എക്‌സൈസ് വകുപ്പ്

കളള് ഷാപ്പുകളുടെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനിലൂടെ നടന്നു. ആദ്യ റൗണ്ട് വില്‍പ്പനയില്‍ തന്നെ 87.19 ശതമാനം ഗ്രൂപ്പുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കിയതായി എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. സുതാര്യവും നിഷ്പക്ഷവുമായി സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ വില്‍പ്പന മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

2023-24 വര്‍ഷത്തെ അബ്കാരി നയത്തില്‍ ഷാപ്പുകളുടെ വില്‍പ്പന ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഓണ്‍ലൈനിലൂടെ 797 ഗ്രൂപ്പ് കളള് ഷാപ്പുകളും വിറ്റുപോയി. 11.9 കോടി രൂപ വരുമാനം ലഭിച്ചു. അപേക്ഷകര്‍ക്ക് വില്‍പ്പന നടപടികള്‍ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ക്ക് ഓണ്‍ലൈനില്‍ വില്‍പ്പന നടപടികള്‍ കാണാന്‍ കഴിഞ്ഞു.

സംസ്ഥാനത്താകെ 914 ഗ്രൂപ്പുകളിലായി 5170 കളള് ഷാപ്പുകളാണുള്ളത്. ആകെ ലഭിച്ച 4589 അപേക്ഷകളില്‍ 4231 അപേക്ഷകള്‍ക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ശേഷിക്കുന്ന 117 ഗ്രൂപ്പ് കളള് ഷാപ്പുകളുടെ രണ്ടാം റൗണ്ട് വില്‍പ്പനയും ഓണ്‍ലൈനായി നടക്കും. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയി നല്‍കാനുളള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കള്ള് ഷാപ്പ് വില്‍പ്പന ഓണ്‍ലൈനിലാക്കിയത്.