വാഹനത്തില്‍ കൂളിംഗ് ഫിലിം ഒട്ടിക്കാം; പിഴ ഈടാക്കില്ല; ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് എംവിഡി; വളരെ യുക്തിസഹജമായ ഉത്തരവെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍

വാഹനത്തില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ ഐ.ജി സി.എച്ച് നാഗരാജു പറഞ്ഞു. കോടതി നിര്‍ദേശം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതിനെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നോക്കാനുള്ള പരിശോധനകള്‍ ഉണ്ടാകും.

വാഹനത്തിന്റെ മുന്‍-പിന്‍ ഗ്ലാസുകളില്‍ 70 ശതമാനം സൈഡ് ഗ്ലാസില്‍ 50 ശതമാനം എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്നാണ് ചട്ടം. ഇത് പാലിച്ചാല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈകോടതി വിധി.

സണ്‍ ഫിലിം നിര്‍മിക്കുന്ന കമ്പനിയും നടപടിക്കു വിധേയരായ വാഹന ഉടമയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. നിയമപരമായി സണ്‍ ഫിലിം ഒട്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് വിധിയില്‍ വ്യക്തമാക്കിയിരുന്നു.

2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റിഗ്ലേസിംഗ്’ കൂടി ഉപയോഗിക്കാം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിംഗ് ആണ് അനുവദനീയമായത്.

ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിംഗ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമക്ക് ഇല്ല എന്ന വാദവും കോടതി തള്ളി. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിംഗ് നിലനിര്‍ത്താന്‍ വാഹന ഉടമക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുമ്പുള്ളതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ചട്ടത്തില്‍ ഭേദഗതി വന്ന ശേഷം ഗ്ലാസുകളില്‍ കൂളിങ് ഫിലിം ഒട്ടിക്കുന്നവര്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ചട്ട ഭേഗതിക്കു മുന്‍പ് വാഹനത്തിന്റെ ഗ്ലാസില്‍ ടിന്റഡ്, ബ്ലാക്ക് ഫിലിമുകള്‍ ഒട്ടിക്കുന്നത് ‘അവിഷേക് ഗോയങ്ക കേസില്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്ന സേഫ്റ്റി ഗ്ലാസ് മാത്രമേ വാഹന നിര്‍മാതാവ് ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിരുന്നു.