അജ്ഞാതൻ ഡാമിലെ 11 സ്ഥലങ്ങൾ താഴിട്ട് പൂട്ടിയ സംഭവം, ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താനായി കളക്ടറുടെ അധ്യക്ഷതയിൽ യോഗം

ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. വൈകിട്ട് നാല് മണിക്ക് ചേരുന്ന യോഗത്തിൽ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഇടുക്കി അണക്കെട്ടിൽ ഉണ്ടായ സുരക്ഷ വീഴ്ചയെ തുടർന്നാണ് യോഗം ചേരുന്നത്.

ഡാമിൽ സുരക്ഷാ വീഴ്ച ഉണ്ടായ സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വിഎ, അബ്ദുൾ ഗഫൂർ, സുരേന്ദ്രൻ പിആർ, അജേഷ് കെജി, മനു ഒ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

സന്ദർശകരെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാൽ ഡാമിൽ സുരക്ഷാ വീഴ്ച ഉണ്ടാക്കിയ മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജൂലൈ 22 നാണ് ഡാം സന്ദർശനത്തിനായി എത്തിയ ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് സുരക്ഷ മറികടന്ന് അണക്കെട്ടിലെ 11 സ്ഥലങ്ങളിൽ താഴ് ഉപയോഗിച്ച് പൂട്ടിയത്.

ഡാമിലെ ഹൈമാസ്സ് ലെറ്റുകളുടെ ടവറിലും എർത്ത് വയറുകളിലും ഉൾപ്പെടെ 11 സ്ഥലങ്ങളിൽ താഴിട്ട് പൂട്ടിയ ഇയാൾ ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെട്ടത്. കെഎസ്ഇബിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണ് പ്രതിയെന്ന് കണ്ടെത്തിയത്.

Read more

വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനായി പൊലീസ് ഊർജിത ശ്രമമാണ്. വിദേശത്തേക്ക് കടന്നുകളഞ്ഞ ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താലേ കൃത്യമായ ലക്ഷ്യം മനസ്സിലാക്കാൻ കഴിയൂ. ഇതിനായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.