എറണാകുളം തൃപ്പൂണിത്തുറയ്ക്ക് സമീപം തിരുവാണിയൂരില്‍ ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ചോറ്റാനിക്കര സ്വദേശി ബാബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നത് ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തിരുവാണിയൂരിനടുത്ത് കാഞ്ഞിരപ്പുഴ കവലീശ്വരം പുഴയുടെ സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ബാബുവിനെ കണ്ടെത്തിയത്. നാട്ടിലെ ഗുണ്ടകളായ ഹരീഷ്, മാണിക്യന്‍ എന്നിവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഗുണ്ടകളുടെ മര്‍ദ്ദനവും ഭീഷണിയും ഭയന്നാണ് ആത്മഹത്യയെന്നാണ് കുറിപ്പില്‍. അത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് നാട്ടിലെ ഗുണ്ടകളായ ഹരീഷും മാണിക്യനും കുറച്ചുനാളുകള്‍ക്ക് മുന്നേ ഒരു അടിപിടിക്കേസില്‍ അറസ്റ്റിലായിരുന്നു. ഈ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബാബു സാക്ഷി പറയാന്‍ ചെല്ലാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല.
തുടര്‍ന്ന് മൂവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഹരീഷും മാണിക്യനും ബാബുവിനെ മര്‍ദ്ദിച്ചു. എന്തുകൊണ്ട് സാക്ഷി പറയാന്‍ എത്തിയില്ലെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഈ സംഭവത്തില്‍ ബാബു ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
Read more
ഇതിന് പിന്നാലെയാണ് ഹരീഷിന്റെയും മാണിക്യന്റെയും ഭീഷണിയും മര്‍ദ്ദനവും ഭയന്ന് ബാബുവിന്റെ ആത്മഹത്യ. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.