അഭയ കേസ്: നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കേണ്ടെന്ന് ഹൈക്കോടതി

സിസ്റ്റർ അഭയ കേസിൽ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കണമെന്ന തിരുവനന്തപുരം സിജെഎം കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.

2007-ല്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരായ എന്‍.കൃഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നിവരെ വിസ്തരിക്കാന്‍ സിജെഎം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്തു കൊണ്ട് പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read more

നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നതു നിയമപരമല്ലെന്നും നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അനുമതിയോടെ ചെയ്താല്‍ പോലും നാര്‍ക്കോ അനാലിസിസിലെ വെളിപ്പെടുത്തലുകള്‍ ബോധപൂര്‍വമല്ലാത്തതിനാല്‍ തെളിവായി ഉപയാഗിക്കരുതെന്നും അതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന വിവരമോ വസ്തുതയോ മാത്രമേ സ്വീകരിക്കാനാകൂ എന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു.