കലൂര്‍ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ പരിപാടിയുടെ സംഘാടകൻ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷ്ണകുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
ഇന്നലെ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ പരിപാടിക്കിടെ കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ എംഎൽഎയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുകയാണ്.
സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഓസ്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്. അതിനിടെ അപകടത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂര്‍ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.