എയർലിഫ്റ്റിം​ഗിന് ചെലവായ തുക ആവശ്യപ്പെട്ട നടപടി: കേരളത്തോടുള്ള കടുത്ത വിവേചനമെന്ന് കെ രാജൻ; ഒഴിവാക്കി നൽകാൻ ആവശ്യപ്പെടും

ദുരന്തമുഖത്തെ എയർലിഫ്റ്റിം​ഗിന് ചെലവായ തുക ആവശ്യപ്പെട്ട നടപടി കേരളത്തോടുള്ള കടുത്ത വിവേചനമെന്ന് റവന്യു മന്ത്രി കെ രാജൻ. തുക ഒഴുവാക്കി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവർത്തനത്തിനായുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവാക്കിയ 132,62,00,000 ലക്ഷം രൂപ കേരളം അടിയന്തരമായി തിരിച്ചടക്കണമെന്ന് കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്ത് നൽകിയിരിക്കുന്നത്.

കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വെറെ വഴിയില്ല. എസ്‍ഡിആര്‍എഫിൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും. കേന്ദ്രത്തിന്‍റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നുമാണ് റവന്യു മന്ത്രി കെ രാജൻ പറഞ്ഞത്. തിരിച്ചടയ്ക്കണമെന്ന് വീണ്ടും വീണ്ടും സമ്മര്‍ദം ചെലുത്തിയാൽ എസ്ഡിആര്‍എഫിൽ നിന്ന് തുക നൽകേണ്ടതിനെക്കുറിച്ച് ആലോചിക്കും. ദുരന്ത മുഖത്ത് കേന്ദ്രം നൽകുന്ന സേവനങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികളുടെ സേവനങ്ങള്‍ക്കും കേന്ദ്രം തന്നെ തുക എടുക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന എസ്‍ഡിആര്‍എഫിൽ നിന്ന് എടുത്ത് കേന്ദ്രത്തിന് നൽകാൻ പറയുന്നത് പ്രയോഗികമായി ശരിയായ നടപടിയല്ല. അതാത് സംസ്ഥാനങ്ങളാണ് തുക വഹിക്കേണ്ടതെങ്കിലും അതിന് തുല്യമായ തുക കേന്ദ്രം നൽകേണ്ടതുമാണ്. എന്നാൽ ഈ ഘട്ടത്തിൽ കേരളത്തിന്‍റെ എസ്‍ഡ‍ിആര്‍എഫ് ഫണ്ട് തന്നെ പല രീതിയിൽ ഉപയോഗിക്കേണ്ടതുള്ളതിനാൽ അതിൽ നിന്ന് ഇത്രയും ഭീമമായ തുക കേന്ദ്രത്തിന് നൽകേണ്ടത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

അതേസമയം തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്. 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവർത്തനത്തിനായുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവാക്കിയ 132,62,00,000 ലക്ഷം രൂപ കേരളം അടിയന്തരമായി തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്ത് നൽകിയിരിക്കുന്നത്. കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗര്‍ ആണ് കത്തയച്ചത്.