BGT 2024-25: 'ആ തീരുമാനം എന്നെ ശരിക്കും ഞെട്ടിച്ചു'; രോഹിത് ചെയ്തത് ആനമണ്ടത്തരമെന്ന് ഹെയ്ഡന്‍

ഗാബ ടെസ്റ്റില്‍ ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്യാതിരുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍. രോഹിത് ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് അത്ഭുതപ്പെടുത്തിയെന്നും ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.

എന്നെ ശരിക്കും ഞെട്ടിപ്പിച്ച തീരുമാനമായിരുന്നു ഇത്. ടോസ് നേടിയിട്ടും രോഹിത് ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് അത്ഭുതപ്പെടുത്തി. കാലാവസ്ഥ രോഹിത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. കഴിഞ്ഞ രണ്ട് ആഴ്ചയായി ശക്തമായ മഴയാണ് ഇവിടെയുള്ളത്.

ഈ കാലാവസ്ഥ വരുന്ന ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ട്. മഴ കാലാവസ്ഥയായതിനാല്‍ മത്സരം നടക്കുമ്പോള്‍ ബാറ്റര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായിരിക്കും. ആദ്യത്തെ രണ്ട് ദിവസവും ബാറ്റിങ്ങിന് വലിയ അനുകൂലമായിരിക്കും പിച്ചിന്റെ സ്വഭാവം. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്- ഹെയ്ഡന്‍ പറഞ്ഞു.

ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം മഴ നഷ്ടപ്പെടുത്തിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയ 13.2 ഓവറില്‍ 28 റണ്‍സുമായി നില്‍ക്കവെ മഴയെത്തി. ഇതോടെ ആദ്യ ദിനം നേരത്തെ തന്നെ മത്സരം നിര്‍ത്തേണ്ടി വന്നു. 19 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയും നാല് റണ്‍സോടെ നതാന്‍ മക്സ്വീനിയുമാണ് ക്രീസില്‍. വരുന്ന ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.