തൊഴിലാളികള്‍ പരാതിപ്പെട്ടാലും ഇല്ലെങ്കിലും നടപടിയെടുക്കും; കൊച്ചിയിലെ തൊഴില്‍ പീഡനത്തിനെതിരെ വി ശിവന്‍കുട്ടി രംഗത്ത്

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലുണ്ടായ തൊഴില്‍ പീഡനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ പീഡനം അനുവദിക്കാനാകില്ലെന്നും നടന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും മന്ത്രി പറഞ്ഞു. ശക്തമായ തൊഴില്‍ നിയമം നടപ്പാക്കുന്ന കേരളത്തില്‍ ഇത് അനുവദിക്കാന്‍ ആകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത്. ടാര്‍ഗറ്റ് നേടിയില്ലെങ്കില്‍ തൊഴിലാളികളോട് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്യുന്നത്. ക്രൂരമായ സംഭവമാണ് നടന്നത്. ജില്ല ലേബര്‍ ഓഫീസറോട് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകും. തൊഴിലാളികള്‍ പരാതിപ്പെടുന്നില്ല എന്നതാണ് കാര്യം. തൊഴിലാളികള്‍ പരാതിപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കും. മാപ്പ് അര്‍ഹിക്കാത്ത സംഭവം ആണിത്. ഇത്തരം അനുഭവം നേരിടുന്നവര്‍ക്ക് ലേബര്‍ ഓഫീസില്‍ ഭയം കൂടാതെ പരാതി നല്‍കാം. അല്ലെങ്കില്‍ മന്ത്രിയെ നേരിട്ട് കണ്ട് പരാതിനല്‍കാമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

കടകളുടെ മുന്നില്‍ ഊണ് റെഡി എന്ന ബോര്‍ഡുമായി പ്രായമായവര്‍ നില്‍ക്കാറുണ്ട്. സങ്കടകരമായ കാഴ്ചയാണ്. ഇവര്‍ക്ക് കസേരകള്‍ അനുവദിക്കാനും കാലാവസ്ഥ നേരിടാന്‍ വേണ്ട കാര്യങ്ങള്‍ ഒരുക്കാനും ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.