എസ്.ഡി.പി.ഐ കൊലപാതകങ്ങള്‍ക്ക് സംസ്ഥാനന്തര ഗൂഢാലോചന എന്ന് എ.ഡി.ജി.പി

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരുന്നതായി എഡിജിപി വിജയ് സാഖറെ. പാലക്കാടും ആലപ്പുഴയിലും എസ്ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനന്തര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യം നടത്തിയ ശേഷം മറ്റ് സംസ്ഥാനത്തേക്ക് കടന്ന് ഒളിവില്‍ കഴിയുന്നതാണ് എസ്ഡിപിഐ രീതിയെന്നും സാഖറെ പറഞ്ഞു.

സംസ്ഥാനത്ത് തുടര്‍ന്നും ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. കൊലപാതകത്തിന്റെ നീക്കങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നില്ല. വളരെ ആസൂത്രിതമായാണ് കൊല നടത്തിയിരിക്കുന്നത്. അക്രമികളുടെ നീക്കങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ തടയാമായിരുന്നു എന്നും സാഖറെ പറഞ്ഞു.

പാലക്കാട് ബിജെപി പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെയും, ആലപ്പുഴയിലെ ഒബിസി മോര്‍ച്ചാ നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെയും കൊലപാതകത്തില്‍ എല്ലാ പ്രതികളെയും പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിന്റെ അനാസ്ഥയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എഡിജിപി തന്നെ വിശദീകരണം നല്‍കിയത്.

കിഴക്കമ്പലത്ത് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് പ്രത്യേക സംഭവമാണെന്നും, കരുതിക്കൂട്ടി ചെയ്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും സാഖറെ പറഞ്ഞു. സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ 124 പേര്‍ അടങ്ങുന്ന സംഘം പ്രവര്‍ത്തിക്കും. സംഘടിതമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതിന് തടയിടാന്‍ കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.