'ലീഗിലേക്ക് പോകേണ്ട ആവശ്യമില്ല'; ഇടതു മുന്നണി വിടുമെന്ന വാർത്തകളോട് പ്രതികരിച്ച് അഹമ്മദ് ദേവർകോവിൽ

ഇടതുപക്ഷ മുന്നണിയിൽ നിന്ന് പോകില്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ. മുസ്ലിം ലീഗ് പ്രവേശനം എന്ന വാർത്ത വസ്തുതയല്ലെന്ന് അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ല. മുസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. മണ്ണാർകാട് ഐഎൻഎൽ സംഘടിപ്പിച്ച പരിപാടിക്ക് പോകുന്നതിനിടെ പള്ളയിൽ സമസ്തയുടെ ഒരു മുൻ പ്രസിഡന്റിന്റെ ഖബർസ്ഥാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ വാർത്ത വന്നതെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

Read more

അഹമ്മദ് ദേവർകോവിലിനെ ലീഗിലെത്തിക്കാൻ പ്രാഥമിക ചർച്ച നടത്തിയെന്നായിരുന്നു റിപ്പോർട്ട്. പിഎംഎ സലാമുമായി അഹമ്മദ് ദേവർകോവിൽ ചർച്ച നടത്തിയെന്നും കെഎം ഷാജിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നതെന്നും വാർത്തകൾ വന്നിരുന്നു.