ആരിഫ് മുഹമ്മദ് ഖാന് നല്ല ബുദ്ധിയുണ്ടാകട്ടേയെന്ന് എകെ ബാലന്‍; 'ഇവിടെ കാണിച്ചത് പോലെ തന്നെ പ്രത്യേക കഴിവുകള്‍ ബിഹാറില്‍ കാണിക്കുമെന്ന് ആശിക്കുന്നു'

കേരള ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ആരിഫ് മുഹമ്മദ് ഖാനെ കണക്കിന് പരിഹസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. ബിഹാര്‍ ഗവര്‍ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ കാണിച്ച പ്രത്യേക കഴിവുകള്‍ ബിഹാറിലും കാണിക്കട്ടേയെന്ന് ആശിക്കുകയാണെന്നാണ് എകെ ബാലന്‍ പറഞ്ഞത്. ദീര്‍ഘായുസും ആരോഗ്യവും നല്ലബുദ്ധിയും ഉണ്ടാകട്ടേയെന്നും സിപിഎം നേതാവ് ആശംസിച്ചു.

കേരളത്തില്‍ വന്ന ഒരു ഗവര്‍ണറും മുഹമ്മദ് ആരിഫ് ഖാന്റെ സമീപനം കാണിച്ചിട്ടില്ലെന്നും അസംബ്ലി ചേരാന്‍ പോലും വിസമ്മതിക്കുന്ന നയപ്രഖ്യാപനം പോലും വായിക്കാത്ത ഗവര്‍ണറായിയിരുന്നു ആരിഫി മുഹമ്മദ് ഖാനെന്നും എകെ ബാലന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പോകുന്നതില്‍ ആകെ വിഷമമുണ്ടാവുക ബിജെപിക്കും തിരുവഞ്ചൂരിനെ പോലെ കോണ്‍ഗ്രസിലെ ചിലര്‍ക്കുമാണെന്നും ബാലന്‍ ഒളിയമ്പെയ്തു. ബില്ലുകള്‍ തടഞ്ഞുവയ്ക്കുക, സമരം ചെയ്യുന്നവരെ ക്രിമിനല്‍ എന്ന് വിളിക്കുക, ബിജെപി നോമിനികളെ സെനറ്റില്‍ നിയമിക്കുക തുടങ്ങിയു കാര്യങ്ങള്‍ ചെയ്യുന്ന വ്യത്യസ്തനായ ഗവര്‍ണര്‍ പോകുന്നതിലാണ് ഈ വിഷമം എന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ക്ക് നേര്‍ക്കുള്ള പരിഹാസം.

ആരിഫ് മുഹമ്മദ് ഖാന് പകരം കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ ഉടന്‍ ചുമതലയേല്‍ക്കും. ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിന്റേയും ചുമതലയേല്‍ക്കും. ഈ സാഹചര്യത്തിലാണ് ഇവിടെ കാണിച്ചത് പോലെ തന്നെ അദ്ദേഹം ബിഹാറിലും അദ്ദേഹത്തിന്റെ പ്രത്യേക കഴിവുകള്‍ ഉപയോഗിക്കുമെന്ന് ആശിക്കുന്നതായും എകെ ബാലന്‍ പറഞ്ഞത്.