ആലപ്പുഴ അപകടം; വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കി; ഉടമയ്‌ക്കെതിരെ ആര്‍ടിഒ റിപ്പോര്‍ട്ട്

ആലപ്പുഴയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

വാഹനത്തിന്റെ ഉടമസ്ഥന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റെ ആര്‍ടിഒ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. തിങ്കളാഴ്ച രാത്രി ആയിരുന്നു ആലപ്പുഴയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്.

അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 11 പേരായിരുന്നു കാറിലുണ്ടായിരുന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.

Read more

പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. എടത്വ സ്വദേശിയായ ആല്‍വിന്‍ ജോര്‍ജാണ് മരിച്ചത്.