ആലപ്പുഴ അപകടം, ബസ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ആലപ്പുഴ കളര്‍കോട് അപകടമുണ്ടായത്. അപകടത്തില്‍ പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

11 പേരാണ് ഏഴ് സീറ്റുകളുള്ള കാറില്‍ യാത്ര ചെയ്തത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്.

Read more

കാറിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനത്തിന്റെ അമിതഭാരവും എബിഎസ് ഇല്ലാത്തതുമാണ് അപകട കാരണമെന്ന് എംവിഡി അറിയിച്ചിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസിന്റെ വിശദീകരണം.