'പൂരം അലങ്കോലപ്പെട്ടപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോയെ ആംബുലൻസിൽ കൊണ്ടിറക്കി'; സഭയിൽ അടിയന്തര പ്രമേയ ചർച്ച

തൃശൂർ പൂരം കലക്കലിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂർ പൂരത്തിൽ 8 വീഴ്ചകൾ ഉണ്ടായയെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

ഗൗരവമുള്ള സംഭവാണ്. തൃശൂർ പൂരം കലക്കിയത് ചർച്ചക്ക് എടുത്തത് നല്ലകാര്യമാണ്. മുന്നൊരുക്കങ്ങളിൽ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസപ്പെട്ടു. ജനത്തെ പോലീസ് ശത്രുവിനെ പോലെ കണ്ടുവെന്നും എഴുന്നെള്ളിപ്പിനിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലും നടപടി ഉണ്ടായിരുന്നില്ലെന്നും തിരുവഞ്ചൂർ പറയുന്നു. പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്.

പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. അതേസമയം തേരില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതു പോലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ അവിടെ എത്തിക്കുകയാണ് ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകള്‍ ചേരുന്ന സ്ഥലത്ത് പൊലീസിന്റെ അനുമതി ഇല്ലാതെ സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിക്കാന്‍ കഴിയുമോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ഇതുകൊണ്ടൊക്കെയാണ് കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു നല്‍കിയത് എന്‍ഡിഎ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഒരു മുന്‍പരിചയവും ഇല്ലാത്ത കമ്മിഷണര്‍ ആയിരുന്നു തൃശൂരില്‍ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൂരം കലക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു വഴിവെട്ടിയതിനു മുന്നില്‍നിന്നത് എഡിജിപി എംആര്‍ അജിത് കുമാറാണെന്നു ഭരണപക്ഷ എംഎല്‍എ തന്നെ ആരോപണം ഉന്നയിച്ചിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Read more