അനില്‍ ആന്റണിയോട് കടുത്ത അതൃപ്തി; ബിജെപി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നേതാക്കള്‍ ഉള്‍പ്പെടെ

പത്തനംതിട്ടയിലെ ബിജെപി ലോക്‌സഭ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലും കടുത്ത അതൃപ്തിയുമായി പ്രവര്‍ത്തകര്‍. പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോഴും അനിലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യം പിസി ജോര്‍ജ്ജ് വിയോജിപ്പുമായി രംഗത്തുവന്നിരുന്നു.

പിന്നാലെ സംസ്ഥാന നേതൃത്വം നടത്തിയ അനുനയ ചര്‍ച്ചകളോടെയാണ് പിസി പരസ്യമായ പ്രതിഷേധം അവസാനിപ്പിച്ചത്. പിസി ജോര്‍ജ്ജിനെയാണ് പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിച്ചിരുന്നത്. അനിലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ നിലപാട്.

കാസറഗോഡ് മഞ്ചേശ്വരത്തും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എംഎല്‍ അശ്വിനിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു വിഭാഗം പ്രവര്‍ത്തകരും ജില്ലാ നേതാക്കളും ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുണ്ട്. പത്തനംതിട്ടയിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്ന് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനില്‍ക്കുന്നുണ്ട്.

അനിലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയ കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ പൊട്ടിത്തെറികളുണ്ടാകുമെന്നും വിവരമുണ്ട്.