മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; ഇത്തവണ തകര്‍ത്തത് വഴിയോരക്കട

ഒരു ഇടവേളയ്ക്ക് ശേഷം മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. ഇത്തവണ തലയാറിന് സമീപമെത്തിയ പടയപ്പ മറയൂര്‍ റോഡിലെ വഴിയോരക്കടയാണ് തകര്‍ത്തത്. അടുത്തിടെ കാട്ടാന അക്രമാസക്തനാണ്. വഴിയോരക്കടയ്ക്ക് സമീപത്തെ തോട്ടം മേഖലയിലാണ് നിലവില്‍ പടയപ്പ തമ്പടിച്ചിരിക്കുന്നത്.

റോഡരികില്‍ നിലയുറപ്പിച്ചിരുന്ന പടയപ്പയെ നാട്ടുകാരാണ് തുരത്തിയത്. മൂന്നാറിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നിരാഹാര സമരം നടത്തിയിരുന്നു. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പ്രദേശത്ത് നിന്നും മാറ്റുക, ആര്‍ആര്‍ടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സമരം നടത്തിയത്.

Read more

അതേസമയം വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ വനംമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ സമരത്തിനെതിരെ സിപിഎം വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യം മുന്‍നിറുത്തിയായിരുന്നു സമരം നടത്തിയതെന്നായിരുന്നു സിപിഎമ്മിന്റെ വാദം.