കൂത്താട്ടുകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നല്‍കിയ നോട്ടീസിന് അനുമതി നല്‍കാതെ ചര്‍ച്ചയിലേക്ക് കടന്നതിനെ തുടര്‍ന്നാണ് കനത്ത പ്രതിഷേധം ഉയര്‍ന്നത്. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം യുഡിഎഫ് അംഗങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ പ്രതിഷേധം കനത്തു.
സിപിഎം അംഗമായ കലാ രാജുവും യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിച്ചു. പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് യുഡിഎഫിന് നല്‍കുകയെന്നും അധ്യക്ഷയുടെ രാജിയാവശ്യത്തില്‍ പിന്തുണക്കുമെന്നും കലാ രാജു പറഞ്ഞു.നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസാണെന്നും പിന്‍വലിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
നഗരസഭയുടെ വാഹനം എങ്ങനെ പൊലീസ് പിടിച്ചുവെന്നും ഇതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങള്‍ ചോദിച്ചു.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ കൗണ്‍സില്‍ യോഗം തുടരാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് കുത്താട്ടുകുളം തട്ടികൊണ്ടുപോകല്‍ ചര്‍ച്ചയായത്.
Read more
ചര്‍ച്ചക്കിടെ ആരോപണ പ്രത്യാരോപണങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തി. മാന്യമായ പ്രതികരണം നടത്തണമെന്ന് അധ്യക്ഷ പറഞ്ഞതോടെ ബഹളമായി. യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് മാധ്യമങ്ങളോട് പുറത്തിറങ്ങണമെന്ന് അധ്യക്ഷ ആവശ്യപ്പെട്ടു. ഇതിനുശേഷം പ്രതിഷേധത്തിനിടെ അജണ്ടകള്‍ മുഴുവന്‍ പാസാക്കുകയായിരുന്നു.