തന്റെ ജീവിത സമ്പാദ്യമായ കണ്‍വെന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് ലഭിക്കാതെ സാജന്‍ ഓടി നടന്നപ്പോള്‍ ഇഷ്ടക്കാര്‍ക്ക് സഹായം വാരിക്കോരി നല്‍കി ആന്തൂര്‍ നഗരസഭ. ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കിയ കള്ളുഷാപ്പിനാണ് നഗരസഭ വഴിവിട്ട സഹായം നല്‍കിയത്. ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ താത്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കാന്‍ കള്ളുഷാപ്പിന് അനുമതി നല്‍കുകയായിരുന്നു.
ആയുസ്സിന്റെ സിംഹഭാഗവും മറുനാട്ടില്‍ പണിയെടുത്ത് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് സാജന്‍ തന്റെ സ്വപ്നം പണിതുയര്‍ത്തിയത്. ഒരു കൈ കൊണ്ട് ആ സ്വപ്‌നത്തെ തച്ചുടച്ച് മറുകൈ കൊണ്ട് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് എന്തു വഴിവിട്ട സഹായവും ചെയ്ത നഗരസഭയുടെ ചെയ്തികളെ എന്തുപേരിട്ടാണ് വിളിക്കേണ്ടത്? നഗരസഭയുടെ ഇഷ്ടജന സേവ മനസ്സിലാക്കാന്‍ വേറെയുമുണ്ട് ഉദാഹരണങ്ങള്‍.
മൂന്നു വര്‍ഷം മുമ്പ് ഇതേ നഗരസഭ കുന്നിടിച്ച് റിസോര്‍ട്ട് പണിയാന്‍ അനുമതി കൊടുത്തിട്ടുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ മകന്‍ പങ്കാളിയായ കമ്പനിക്കു വേണ്ടി പണിയുന്ന റിസോര്‍ട്ടിന് ആയിരുന്നു അത്. ഇതിനെതിരെ ശാസ്ത്ര സാഹിത്യപരിഷത്ത് അടക്കം പരാതി കൊടുത്തു. വന്‍നിക്ഷേപം വലതു കാലെടുത്തു വെച്ചു വരുമ്പോള്‍ എന്തു പാരിസ്ഥിതിക ആഘാതം? കുന്നിടിച്ച് റിസോര്‍ട്ട് പണിയൊക്കെ ജോറായി നടക്കുന്നു.
ഇങ്ങനെയൊക്കെ കളികള്‍ നടക്കുമ്പോഴാണ് ചട്ടലംഘനത്തിന്റെ പേരില്‍ ഒരു പ്രവാസിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് പെര്‍മിറ്റ് നിഷേധിക്കപ്പെട്ടത്. നഗരസഭാദ്ധ്യക്ഷ പി.കെ ശ്യാമളയുടെ ഭാഗത്തു നിന്ന് വെല്ലുവിളിയും ഭീഷണിപ്പെടുത്തലുമുണ്ടായെന്നാണ് സാജന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അദ്ധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതും തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും സാജന്റെ ഭാര്യയും പിതാവും ആരോപിച്ചു. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ” എന്നു വെല്ലുവിളിച്ചു. “ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല” എന്നും അവര്‍ ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read more
നഗരസഭ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമാണ് പി. കെ ശ്യാമള. പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ ശീതസമരത്തിന് ഇതിലൊന്നും പങ്കില്ലാത്ത സാധാരണക്കാരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടി വരുന്നത് ഭീകരമെന്നേ പറയാനാകൂ.