പലസ്തീനിയൻ ഐക്യദാർഢ്യത്തിന്റെ ചിഹ്നമായ കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തിയ ഫ്രീലാൻസ് മാധ്യമപ്രവർത്തകന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷണത്തിനെത്തിയാതായി ആരോപണം. ആദ്യം ഫോണിൽ വിളിച്ച് ബന്ധപ്പെട്ട എടിഎസ് പിന്നീട് കാണാം എന്നറിയിച്ചപ്പോൾ നേരിട്ട് വീട്ടിലേക്ക് എത്തുകയായിരുന്നു എന്ന് റിജാസ് സൗത്ത് ലൈവിന് നൽകിയ വിവരത്തിൽ പങ്കുവെച്ചു.
നവംബർ 7-ന് കൊച്ചിയിലെ ജെഎൻഎൽ സ്റ്റേഡിയത്തിലെ ഐഎസ്‌എൽ മത്സരം കാണാനെത്തിയ റിജാസ്, സിദ്ദീഖ്, അമീൻ, അബ്ദുള്ള, മിദ്ലാജ് എന്നിവരെ കേരള പോലീസ് കഫിയ ധരിച്ചതിന്റെ പേരിൽ തടഞ്ഞുവെക്കുകയും ശേഷം പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെക്കുകയും ചെയ്തു. തുടർന്ന് കേസ് ഒന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു.
Read more
നിലവിൽ, നവംബർ 12-ന്, എളമക്കരയിലെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥർ, ഉമ്മ ഷീബയെ ചോദ്യം ചെയ്തതായി റിജാസ് പറയുന്നു. താൻ കടുത്ത വിശ്വാസിയാണോ, ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കുന്നത്, വയസ്സ് എത്രയായി? എന്ന ചോദ്യങ്ങൾ ഉമ്മയോട് ചോദിച്ചായി റിജാസ് പറഞ്ഞു. കഴിഞ്ഞ വർഷം ‘ഫ്രണ്ട്സ് ഫോർ പലസ്തീൻ’ എന്ന കൂട്ടായ്മ രൂപീകരിക്കുകയും അതിന്റെ പേരിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തതിന്റെ ഭാഗമായി തന്നെ സ്ഥിരം പോലീസ് വേട്ടയാടുന്നു എന്നും റിജാസ് സൗത്ത് ലൈവിനോട് പറഞ്ഞു. ‘ഫ്രണ്ട്സ് ഫോർ ഫലസ്തീൻ’ എന്ന കൂട്ടായ്മയുടെ കൺവീനറാണ് റിജാസ്. ഒരേസമയം പലസ്തീൻ അനുകൂല നിലപട് എടുക്കുമ്പോൾ തന്നെ അതിന് വേണ്ടി സംസാരിക്കുന്നവരെ നിശ്ശബ്ദരാകാൻ ശ്രമിക്കുകയാണ് സർക്കാർ എന്നും റിജാസ് കൂട്ടിച്ചേർത്തു.