മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം; പിഎസ്‌സിയ്ക്കും സംസ്ഥാന സര്‍ക്കാരിനും മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം

സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ പിഎസ്‌സിയ്ക്കും സംസ്ഥാന സര്‍ക്കാരിനും മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. കേരളത്തില്‍ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്‌സണണ്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെന്‍ഷന്‍ നല്‍കാനുള്ള ചട്ടം ഭരണഘടനവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും നിയമനം ഇതേ തരത്തിലല്ലേ നടക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. ാലാകാലങ്ങളായി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കേരളത്തില്‍ കിട്ടുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗുജറാത്തില്‍ പേഴ്സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവര്‍ക്ക് ഓണറേറിയമാണ് നല്‍കുന്നതെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

ഇതേ ആവശ്യവുമായി ഹര്‍ജിക്കാര്‍ നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളിയതോടെയാണ് അപ്പീല്‍ സുപ്രീംകോടതിയില്‍ എത്തിയത്.