പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം: വൈസ് ചാന്‍സലര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. അത് പൂര്‍ത്തിയാകുന്നതോടെ ഉത്തരവ് നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഭിമുഖം  മാനദണ്ഡമാക്കിയാണ് നിയമനം നല്‍കിയത്. വൈസ് ചാന്‍സലര്‍. പ്രിയ വര്‍ഗീസാണ് അഭിമുഖത്തില്‍ മികവ് കാട്ടിയത്. നടപടികളില്‍ ക്രമക്കേട് സംഭവിച്ചിട്ടില്ല. ഇക്കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നും വി സി പറഞ്ഞു. അതേസമയം ഗവര്‍ണര്‍ തനിക്ക് എതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കുകയാണെങ്കില്‍ മറുപടി നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.

റിസര്‍ച്ച് സ്‌കോര്‍ ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റര്‍വ്യൂവിന്റെ റെക്കോര്‍ഡ് പുറത്തു വിടാന്‍ കഴിയുമോ എന്നതില്‍ വ്യക്തതയില്ല. പുറത്തുവിടാന്‍ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളില്‍ നിന്ന് മനസിലാകുന്നത്. അത്തരത്തില്‍ ചെയ്യണമെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 11 പേരുടെയും അഭിമുഖത്തില്‍ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും വി സി വ്യക്തമാക്കി.

Read more

അഭിമുഖത്തില്‍ രണ്ടാംസ്ഥാനത്ത് വന്ന ഉദ്യോഗാര്‍ത്ഥിക്ക് ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറാണ് ഉണ്ടായിരുന്നത്. എന്നിട്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വിവാദമായി മാറിയിരുന്നു. നിയമന വിഷയത്തില്‍ വൈസ് ചാന്‍സലറുടെ വിശദീകരണം ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞത്. സര്‍വകലാശാലയില്‍ സ്വജനപക്ഷപാതം നടക്കുന്നുവെന്നും താന്‍ അതനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.