അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; മലപ്പുറത്ത് ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി

മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി മുഹമ്മദ് ഷബീബ്. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് എംഡിഎംഎയുമായി കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് പിടികൂടിയത്. എംഡിഎംഎ കൊച്ചിയിലെ രണ്ട് നടിമാര്‍ക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ഷബീബ് പൊലീസിന് നല്‍കിയ മൊഴി.

ഒമാനില്‍ നിന്നെത്തിച്ചതാണ് ലഹരി വസ്തുവെന്ന് ഷബീബ് പൊലീസിനോട് പറഞ്ഞിരുന്നു. ഒമാനില്‍ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കയ്യില്‍ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സംഭവത്തില്‍ മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ നിന്ന്് ഷബീബിന് ലഹരിയെത്തിച്ച അബു താഹിറിനെയും പൊലീസ് പിടികൂടി.

എന്നാല്‍ കൊച്ചിയില്‍ നിന്നുള്ള നടിമാര്‍ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ലെന്നും ജിതിന്‍ എന്ന വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വാങ്ങിയതെന്നും ഷബീബ് പൊലീസിന് മൊഴി നല്‍കി. ഷബീബിനെ വാഴക്കാട് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്. അരക്കിലോയിലധികം വരുന്ന ലഹരി വസ്തുവിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.