അരിയില്‍ ഷുക്കൂര്‍ വധക്കേസ്; കെഎം ഷാജിക്കെതിരായ അപകീര്‍ത്തി കേസ് റദ്ദാക്കി ഹൈക്കോടതി

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. സിപിഎം നേതാവ് പി ജയരാജന്റെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. 2013ല്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകളാണെന്ന് ആരോപിച്ച് കെഎം ഷാജി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആയിരുന്നു കേസ്.

പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും കുറ്റകൃത്യങ്ങളെ ഗൗരവമായി കണ്ട് കേസെടുക്കണമെന്നും ആയിരുന്നു കെഎം ഷാജി നടത്തിയ പ്രസ്താവന. എന്നാല്‍ ഷാജിയുടെ പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നായിരുന്നു ജയരാജന്റെ പരാതി.

Read more

നിയമവാഴ്ച ഉറപ്പാക്കുന്ന പ്രസ്താവനകള്‍ തെറ്റല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. 2012 ഫെബ്രുവരി 20ന് ആയിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ കൊലപാതകം നടന്നത്. കീഴറയിലെ വള്ളുവന്‍ കടവിന് സമീപം ഏറെ നേരം ബന്ദിയാക്കിയ ശേഷമായിരുന്നു എംഎസ്എഫ് ട്രഷററായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.