സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി അർജുന്റെ കുടുംബം

സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബം പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും പരാതിയിൽ പറയുന്നു. സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തിരച്ചിൽ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി.

അതേസമയം, കാണാതായ അര്‍ജുനായി പത്താം ദിവസം തിരച്ചില്‍ തുടങ്ങി. കാലാവസ്ഥ വെല്ലുവിളിയായി തുടരുന്ന സമയത്തും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. മണ്ണ് നീക്കിയാണ് തിരച്ചില്‍ നടക്കുന്നത്. ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് ഇറങ്ങും. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം. കരയിൽ നിന്ന് 30 മീറ്റർ മാറി അടിത്തട്ടിൽ 15 അടിതാഴ്ചയിൽ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.