കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയില്‍ പുരോഗമിക്കുന്നു. ലോറിയുടെ ഹൗസിംഗ് ഭാഗം തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ലഭിച്ച ലോഹഭാഗം അര്‍ജുന്റെ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം ലോറിയുടെ ടയറുകളും ലോഹഭാഗങ്ങളും കണ്ടെത്തിയെങ്കിലും അത് അര്‍ജുന്റെ ലോറിയുടേത് ആയിരുന്നില്ല.
നേരത്തെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നദിയില്‍ പതിച്ച ടാങ്കര്‍ ലോറിയുടേതായിരുന്നു. ഗംഗാവലി പുഴയില്‍ രാവിലെ ആരംഭിച്ച പരിശോധനയില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ കണ്ടെത്തിയ ലോഹഭാഗങ്ങളും ടാങ്കര്‍ ലോറിയുടേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ ഒരു ആക്ടീവ സ്കൂട്ടറും അക്വേഷ്യ തടിക്കഷ്ണങ്ങളും തിരച്ചിലില്‍ കണ്ടെത്തി.
സൈന്യം മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍ നടത്തിയ പരിശോധനയിലാണ് ലോറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഷിരൂരില്‍ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മഴ ആരംഭിച്ചത് പ്രതിസന്ധിയാകുന്നുണ്ട്. നാവികസേന പുഴയില്‍ മാര്‍ക്ക് ചെയ്ത് നല്കിയ സിപി4 എന്ന പോയന്റിലാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.
Read more
പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും പരിശോധനയ്ക്കായി പുഴയിലുണ്ട്. ഡ്രഡ്ജിങ് കമ്പനിയുടെ ഡൈവറും പുഴയിലേക്ക് ഇറങ്ങി പരിശോധന തുടരുകയാണ്. ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്റില്‍ തന്നെ തിരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.