ചിത്രകാരനായ അശാന്തന് അന്ത്യയാത്ര നല്‍കാന്‍ സവര്‍ണ സംഘപരിവാരങ്ങളുടെ സമ്മതം യാചിച്ചത് സംസ്ഥാനത്തെ ജനാധിപത്യ സര്‍ക്കാരാണെന്നത് നമ്മെ നടുക്കണമെന്ന് ഡോ: ആസാദ്. അവര്‍ക്കു മുന്നില്‍ കുനിഞ്ഞ് ഒത്തുതീര്‍പ്പുണ്ടാക്കിയത് ഒരു ജനതയുടെ ആത്മാഭിമാനത്തെ കീറി മുറിച്ചുകൊണ്ടാണ്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ തയ്യാറാക്കിയ പന്തലിനും പിച്ചിച്ചീന്തപ്പെട്ട ഛായാചിത്രത്തിനും മുന്നില്‍ പുറംതിണ്ണയില്‍ കിടക്കട്ടെ ദളിതനെന്ന മനുവിന്റെ അളിഞ്ഞ ആജ്ഞയുടെ നടത്തിപ്പുകാരായാണ് അധികാരികള്‍ മാറിയത്.
സര്‍ക്കാര്‍ ഭൂമിയില്‍ അശാന്ത കലാകാരനോ ദളിതനോ വഴിമുടക്കാന്‍ ആരാണ് അവകാശി ചമഞ്ഞത്? വ്യാജ അധികാരികളെ ആദരിച്ചിരുത്തിയ നീതിബോധം ആരുടേതായിരുന്നു? ഏത് ഉദ്യോഗസ്ഥരുടേതായിരുന്നു? സംഘപരിവാര യോഗിമാരുടെ സംസ്ഥാനമല്ല കേരളം എന്നാണ് നാം പറഞ്ഞുപോന്നത്. ഇന്നിപ്പോള്‍ അങ്ങനെയൊരു തീര്‍ച്ചയും നമുക്കു നഷ്ടമായി. സവര്‍ണ ശാഠ്യത്തിനു വഴങ്ങിയ ആപ്പീസര്‍മാരെ സൂര്യാസ്തമനത്തിനു മുമ്പ് പുറത്താക്കേണ്ടതായിരുന്നു.
Read more
അല്ലെങ്കില്‍ നീതിയെന്ന പദം സ്വയം റദ്ദാവും. അന്ധവിശ്വാസം ആയുധം ധരിച്ചെത്തിയാല്‍ ജനാധിപത്യത്തിന് കാവലൊരുക്കേണ്ടവര്‍ പതറാമോ? നിയമം മനുവിന്റേതല്ല. ജനാധിപത്യ കാലത്തേതാണ്. ഭൂതവേഴ്ച്ചാ കുളിരുകൊള്ളുന്ന പിന്‍നോക്കികള്‍ ശ്മശാനങ്ങള്‍ക്ക് കാവല്‍ നില്‍ക്കട്ടെ. മനുഷ്യനെ ആദരിക്കാത്തവന്റെ ഒരു വാക്കും കേള്‍ക്കേണ്ടതോ ഒരു വിശ്വാസവും ആദരിക്കപ്പെടേണ്ടതോ അല്ല. ചത്തിട്ടും ചവിട്ടുന്ന കാലുകള്‍ ഇനി ബാക്കിയാവരുതെന്നും ആസാദ് പറഞ്ഞു