പാലാ രൂപതയുടെ അനുമതി; 101 പൊന്‍കുരിശും പതിനായിരക്കണക്കിന് വിശ്വാസികളുമായി ഈരാറ്റുപേട്ട ചുറ്റി പ്രദക്ഷിണം നടത്താന്‍ അരുവിത്തുറ പള്ളി

അരുവിത്തുറ പള്ളിക്കെതിരെ നടക്കുന്ന വിവിധ അക്രമങ്ങളെ വിശ്വാസികളെയിറക്കി പ്രതിരോധിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി അരുവിത്തുറ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ചരിത്രത്തിലാദ്യമായി നഗരപ്രദിക്ഷണം നടത്തും. പാലാ രൂപതയുടെ അനുമതിയോടെയാണ് അരുവിത്തുറ പള്ളി ഈരാറ്റുപേട്ട ടൗണ്‍ ചുറ്റി നഗരപ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അരുവിത്തുറ എന്ന സ്ഥലനാമത്തിനെതിരെയും പോസ്റ്റ് ഓഫീസ് അഡ്രസിനെതിരെയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കോളജ് ഗ്രൗണ്ട് ഉപയോഗത്തെ ചെല്ലിയുള്ള സംഘര്‍ഷങ്ങളും പള്ളിക്കെതിരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. ഇതിനെതിരെയുള്ള ഒരു ശക്തിപ്രകടനം കൂടിയാണ് അരുവിത്തറ പള്ളി നടത്തുന്ന നഗര പ്രദക്ഷിണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്..

22ന് വൈകുന്നേരം 6.30നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരത്തില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിക്കും. പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയില്‍ എത്തി തിരിച്ച് പള്ളിയില്‍ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം . 101 പൊന്‍കുരിശുകളോടൊപ്പം തൊട്ടടുത്ത ഇടവക പള്ളികളിലെ കുരിശുകളും ഈ പ്രദക്ഷിണത്തിലുണ്ടാവും.

വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, അസി. വികാരിമാരായ സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തില്‍, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കന്‍തോട്ടത്തില്‍, കൈക്കാരന്മാരായ ജോസഫ് എമ്പ്രയില്‍, ജോസ്‌മോന്‍ കണ്ടത്തിന്‍കര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരില്‍, ജനറല്‍ കണ്‍വീനര്‍ അരുണ്‍ താഴത്തുപറമ്പില്‍, നഗര പ്രദക്ഷിണ കണ്‍വീനര്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, പ്രദക്ഷിണ കമ്മിറ്റി കണ്‍വീനര്‍ ചാക്കോച്ചന്‍ പ്ലാത്തോട്ടം, ജോജി തടിക്കന്‍, ജോര്‍ജ് മൂഴിയാങ്കല്‍, ഡോ. ആന്‍സി വടക്കേച്ചിറയാത്ത്, സിജി ലൂക്‌സണ്‍, മോളി തെങ്ങുംമൂട്ടില്‍, തിരുനാള്‍ പ്രസുദേന്തി ജോസ് കുര്യന്‍ ചോങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഏറ്റവും മുന്നില്‍ ചെണ്ടമേളം, അതിനു പിന്നിലായി സ്റ്റീല്‍ കുരിശും മാര്‍തോമാ കുരിശും തിരിക്കാലുകളുമായി അള്‍ത്താരബാലന്മാരും കൊടികളുമായി സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അധ്യാപകരും, അതിനു പിന്നിലായി അരുവിത്തുറ പള്ളിയിലെ വെള്ളിക്കുരിശുകളും സ്വര്‍ണക്കുരിശുകളും അടുത്ത പള്ളികളിലെ കുരിശുകളും, ചെണ്ടമേളം, പിന്നാലെ 101 പൊന്‍കുരിശുകള്‍, നാസിക് ഡോള്‍, മുത്തുക്കുടകള്‍, സിസ്റ്റേഴ്‌സ്, ബാന്‍ഡ് സെറ്റ്, ഡീക്കന്‍മാര്‍, അവര്‍ക്കു പിന്നിലായി അരുളിക്കാ, പാലിയാ, ഏറ്റവും അവസാനമായി വിശ്വാസ സമൂഹം എന്ന ക്രമത്തിലാണു പ്രദക്ഷിണം നടക്കുക. പതിനായിരക്കണക്കിന് പേര്‍ പ്രദക്ഷിണത്തില്‍ പങ്കാളിയാകുമെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി. അരുവിത്തുറ തിരുനാളിന്റെ ഭാഗമായുള്ള നഗര പ്രദക്ഷിണം നടത്തുന്നതിനാല്‍ 22ന് വൈകിട്ട് 6.30 മുതല്‍ ഈരാറ്റുപേട്ട ടൗണില്‍ ഗതാഗത നിയന്ത്രണം പൊലീസ് ഏര്‍പ്പെടുത്തും.