സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

ഹെല്‍ത്ത് മിഷന്‍ നടത്താനിരുന്ന പ്രത്യേക പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍. തിങ്കളാഴ്ചയാണ് പരിപാടി നടക്കുക. ആശാ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചിരിക്കെയാണ് പരിശീലന പരിപാടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

പരിശീലന പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ ആശാ പ്രവര്‍ത്തകരുടെ സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശീലന പരിപാടി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം. എന്‍എച്ച്എം ഭരണകക്ഷിയുടെ ചട്ടുകം ആകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് നടപടി എടുക്കുന്നതിന് പകരം പരിശീലന പരിപാടി നടത്തുന്നത് സമരം അട്ടിമറിക്കാനാണെന്ന് ആശമാര്‍ ആരോപിച്ചു.

Read more

യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്ത പരിശീലന പരിപാടി മുമ്പൊരിക്കലുമില്ലാത്ത വിധം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നത് ആരോഗ്യവകുപ്പിന്റെ കൃത്യമായ ബോദ്ധ്യത്തോടെയാണെന്നും ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.